ഭൂമിശാസ്ത്രം
കേരളത്തിന്റെ മൂന്ന് ഭൂപ്രകൃതിവിഭാഗങ്ങളില് തീരസമതലവിഭാഗത്തിലാണ് ചമ്പക്കുളം പഞ്ചായത്തുള്‍പ്പെടുന്നത്. ഈ പ്രദേശം കുട്ടനാട് എന്ന കാര്ഷികകാലാവസ്ഥാമേഖലയില് സ്ഥിതി ചെയ്യുന്നു. കാര്‍ഷിക-പാരിസ്ഥിതിക ഘടകങ്ങളെ (അഗ്രോ എക്കോളോജിക്കല്‍) അടിസ്ഥാനമാക്കി കുട്ടനാട് പ്രദേശത്തെ അപ്പര്‍ കുട്ടനാട്, കായല്‍ പ്രദേശങ്ങള്‍, വൈക്കം, ലോവര്‍ കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറക്കാട് കരി എന്നീ 6 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 16280 ഹെക്ടര്‍ വരുന്ന ലോവര്‍ കുട്ടനാട്ടില്‍ ഉള്‍പെടുന്ന ചമ്പക്കുളം പഞ്ചായത്തിന് 22.97 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ നദികള്‍ ഒഴുകിയെത്തുന്ന താഴ്ന്ന ഭൂപ്രദേശമാണ് ലോവര്‍ കുട്ടനാട്. അതുകൊണ്ടുതന്നെ ഇവിടെ രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഒന്നു മുതല്‍ രണ്ട് മീറ്റര്‍ വരെ താഴെ കിടക്കുന്ന പ്രദേശമാണിത്. ലവണവും അമ്ളവും ചേര്‍ന്ന (ആസിഡ് സാലിന്) മണ്ണാണ് പഞ്ചായത്തില്‍ പൊതുവെ കാണപ്പെടുന്നത്. ഉള്‍നാടന്‍ ജലമാര്ഗ്ഗങ്ങളുടേയും നദികളുടേയും തീരത്തു സാധാരണ കാണുന്ന കരപ്പാടം മണ്ണാണ് ഇവിടെയുള്ളത്. നദികളിലൂടെ ഒഴുകിയെത്തി അടിഞ്ഞുകൂടിയ എക്കല്മണ്ണാണിത്. മണ്ണ് വളരെ ആഴത്തിലുളളതും വെള്ളം കെട്ടിനില്‍ക്കുന്നതുമാണ്. കറുത്ത ചാരനിറത്തിലുള്ള മണ്ണില്‍ കളിമണ്ണും എക്കലും അധികമുണ്ട്. അമ്ളാംശവും ലവണാംശവും അധികമാണ്. അഴുകിയ ജൈവപദാര്‍ത്ഥങ്ങളും, ഇവിടുത്തെ മണ്ണില്‍ ധാരാളമുണ്ട്. സസ്യങ്ങള്‍ക്കാവശ്യമായ ഫോസ്ഫറസിന്റെ അംശം വളരെ കുറവായാണ് ഇവിടുത്തെ മണ്ണില്‍ കാണപ്പെടുന്നത്. 1723 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന നെല്ലാണ് ഇവിടുത്തെ പ്രധാനവിള. കൂടാതെ തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നീ പുരയിടകൃഷികളും ഇവിടെ വ്യാപകമാണ്. കുട്ടനാട്ടിലെ പ്രധാനകൃഷി നെല്ലായതുകൊണ്ടുതന്നെ ഇവിടുത്തെ ചരിത്രത്തിനും സംസ്ക്കാരത്തിനും തനതുകലാരൂപങ്ങള്ക്കുപോലും നെല്‍കൃഷിയുമായി ബന്ധമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും രണ്ടു മീറ്റര്‍ താഴ്ന്നതാണ് കുട്ടനാട്ടിലെ കൃഷി നിലങ്ങള്‍, കൃഷി ചെയ്യണമെന്ന് തീരുമാനിക്കുന്ന കൊല്ലം തുലാംവര്‍ഷം കഴിഞ്ഞ് പാടത്തിന്റെ പുറവരമ്പ് ഉറപ്പിച്ച് വെള്ളം ഒഴുകിയെത്തുന്നതിന് പറ്റിയ സ്ഥാനങ്ങളില്‍ തുടങ്ങുന്നു. മുട്ടൊപ്പം വെള്ളത്തില്‍ ചെമ്പാവ്, ഞവര, ചീര, ചെട്ടിവിരിവ്, കൊളപ്പാല, അരികുറുക, ചെറുകുറുക, ജീരകച്ചെമ്പാവ് തുടങ്ങിയ വിത്തുകള്‍ വിതയ്ക്കുന്നു. പറയ്ക്കു പറ എന്നതാണ് രീതി. കളകളെ വെള്ളത്താല്‍ നിയന്ത്രിച്ചും കീടങ്ങളെ ഏറുകൊട്ടയ്ക്ക് വീശിയും വിളയെ സംരക്ഷിച്ചുപോരുന്നതാണ് ഇവിടുത്തെ പരമ്പരാഗതരീതി. വളമായി ഉപയോഗിച്ചിരുന്നത് ചാരവും, ചാണകവുമായിരുന്നു. പമ്പ, മണിമല, എന്നീ നദികള്‍ കനിഞ്ഞനുഗ്രഹിക്കുന്ന ചമ്പക്കുളത്ത് 32 പാടശേഖരങ്ങളിലായി 1663 ഹെക്ടര്‍ കൃഷി ഭൂമിയുണ്ട്. ആകെ വിസ്തൃതിയുടെ 75.30% പ്രദേശത്ത് നെല്‍കൃഷി ചെയ്യുന്നു. കര്‍ഷകത്തൊഴിലാളികളുടെ അഭാവം നിലനില്ക്കുന്നു. വേതനത്തിലുള്ള അന്തരം വളരെ പ്രകടമായുണ്ട്. കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ ഒരു നെല്ലുഗവേഷണകേന്ദ്രം ചമ്പക്കുളം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്ന പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി 1942-ല്‍ ആരംഭിച്ചതാണ് പുഞ്ച സ്പെഷ്യല്‍ ആഫീസ്.